ജോജി - 2021 മലയാളം ഡ്രാമ / ക്രൈം കുട്ടപ്പൻ ( സണ്ണി പി എൻ ) :  ഞാൻ പഴയൊരു അച്ചായനാണ് . ഈ കാണാവുന്ന സ്വത്തെല്ലാം ഞാൻ ഉണ്ടാക്കിയത് രാപ്പകൽ എല്...

Home » » Joji

Joji

 ജോജി - 2021

മലയാളം

ഡ്രാമ / ക്രൈം



കുട്ടപ്പൻ ( സണ്ണി പി എൻ ) :  ഞാൻ പഴയൊരു അച്ചായനാണ് . ഈ കാണാവുന്ന സ്വത്തെല്ലാം ഞാൻ ഉണ്ടാക്കിയത് രാപ്പകൽ എല്ലുമുറിയെ കഷ്ടപ്പെട്ടിട്ടാണ് .  ഏതവനോടും ഏറ്റുമുട്ടാൻ ഈ പ്രായത്തിലും എനിക്ക് ഒട്ടും മടിയില്ല താനും . വെട്ടൊന്ന് മുറി രണ്ട്  അതാണ് എന്റെ രീതി .   എനിക്ക് ഈ സ്നേഹമൊന്നും പ്രകടിപ്പിക്കാനും അറിയില്ല , ഞാനൊട്ടു അതിനു ശ്രമിക്കാറും  ഇല്ല . ഇന്നത്തെക്കാലത്ത് പിള്ളോരൊക്കെ അധ്വാനിക്കാതെ കാർന്നോന്മാർ ഉണ്ടാക്കി ഇട്ടേക്കുന്നതു തിന്നും കുടിച്ചും തീർക്കാൻ നോക്കുന്നത് കാണുമ്പോൾ തന്നെ എനിക്ക് ദേഹം അങ്ങ് വിറഞ്ഞു കേറും പിന്നെ ഞാൻ ചെയ്യുന്നതെന്താണെന്നോ പറയുന്നതെന്താണെന്നോ എനിക്ക് പോലും ബോധം കാണില്ല ............. എന്റെ മരണം വരെ സ്വത്തൊന്നും ഭാഗം ചെയ്യേണ്ടെന്നാണ് തല്ക്കാലം എന്റെ പ്ലാൻ .... എനിക്ക് മൂന്നു ആൺപിള്ളേരാ 




ജോമോൻ (ബാബുരാജ് ) : അങ്ങേരുടെ മൂത്ത മോനാണ് ഞാൻ . ഞാനും എന്റെ അപ്പനെ കണ്ടല്ലേ വളർന്നത് , അതുകൊണ്ട് ഞാനും ഇച്ചിരി റഫാ... പിന്നെ പെണ്ണ് ഒരെണ്ണം കെട്ടിയാരുന്നു , അത് കുറേനാൾ കഴിഞ്ഞപ്പോൾ ഡൈവോഴ്‌സും ആയി , എനിക്ക് മദ്യം ഒരു വീക്നെസ് ആണ് അതുകൊണ്ട് ചിലർ ഞാൻ ആൽക്കഹോളിക് ആണെന്നൊക്കെ പറയാറുണ്ട് , പിന്നെ ഈ നാട്ടുകാർ തെണ്ടികളെ ബോധിപ്പിക്കാൻ അല്ല ഞാൻ കുടിക്കുന്നത് , എന്റെ സന്തോഷത്തിനു വേണ്ടിയാ , അതുകൊണ്ട് എന്നെക്കുറിച്ചു എന്നാ കോപ്പു പറഞ്ഞാലും എനിക്ക് പുല്ലാ  പുല്ല് , എന്റെ കേൾക്കെ  എനിക്ക് ഇഷ്ടമല്ലാത്തത് പറഞ്ഞാൽ ആരായാലും ഞാൻ തിരിച്ചു പണിതിരിക്കും അതിപ്പോ നാട്ടുകാരായാലും , ബന്ധുക്കൾ ആയാലും പള്ളീലച്ചൻ ആയാലും ഞാൻ നല്ല മുട്ടൻ പണി തിരിച്ചു തന്നിരിക്കും . പിന്നെ പറയാൻ മറന്നു എനിക്കൊരു മോൻ ഉണ്ട് , അവൻ എന്റെ കൂടെത്തന്നെയാ താമസിക്കുന്നത് . പിന്നെ അപ്പന്റെ സ്വഭാവം എനിക്ക് വല്യ ഇഷ്ടം ഒന്നും അല്ലേലും  അപ്പനെന്നു പറഞ്ഞാൽ എനിക്ക് എനിക്ക് എന്റെ ജീവനാ......




ജെയ്സൺ (ജോജി മുണ്ടക്കയം ) : ഞാൻ അങ്ങേരുടെ രണ്ടാമത്തെ മോൻ ആണ് , അപ്പന്റെ സ്വഭാവം എനിക്കും തീരെ പിടിക്കുന്നില്ല , പക്ഷെ എന്തേലും പറഞ്ഞാൽ ചിലപ്പോൾ വീട്ടിൽ നിന്നും ഇറക്കി വിട്ടുകളയും പിന്നെ തെണ്ടി ജീവിക്കേണ്ടി വരും . പറയാതെ വയ്യ ഈ പ്രായത്തിലും അങ്ങേർക്ക് എന്നാ ഒരു ഇതാ . അപ്പനായിട്ട് ഉണ്ടാക്കിയ കടയും മറ്റും നോക്കി ഞാൻ ജീവിക്കുന്നു . എന്റെ ഭാര്യ ബിൻസി ആണെങ്കിൽ വീട്ടിലെ എല്ലാ ആണുങ്ങൾക്കും വെച്ച് വിളമ്പി ഒരു പരുവമായി , ഞങ്ങൾക്ക് ഒന്ന് മാറി താമസിച്ചാൽ കൊള്ളാം എന്നുണ്ട് , പക്ഷെ എന്നാ പറയാനാ കാർന്നോരു വീതം വെയ്ക്കത്തും ഇല്ല, കാശധികം തരത്തും ഇല്ലാ , എന്നേലും എന്റെ ഒരു ദിവസം വരും , വരാതെ എവിടെ പോവാൻ ..............




ജോജി (ഫഹദ് ) : ഞാൻ അങ്ങേരുടെ ഇളയ സന്താനം ആണ് .  ഈ മലയുടെ മൂട്ടിൽ ജീവിതകാലം മുഴുവൻ കഴിയേണ്ടി വരുമോ എന്നുള്ളതാണ് എന്റെ പേടി . ഒരഞ്ചു പൈസ കിട്ടണമെങ്കിൽ കാർന്നോരുടെ  കയ്യും കാലും പിടിച്ചു തെണ്ടണം , മടുത്തു ഈ ജീവിതം . ആരും കാണാതെ പറമ്പിൽ പോയി എത്രകാലമാ പുകയൊക്കെ വലിച്ചു ജീവിക്കുന്നത് , എനിക്കും ഒരു ദിവസം വരും അന്ന് ഞാനീ ഉമ്മറത്ത് കാലുമ്മേൽ കാലും കയറ്റി വെച്ചിരുന്നു പുക വലിച്ചു തള്ളും . ഇന്നത്തെ കാലത്തു ഇതുപോലത്തെ കാർന്നോന്മാർ വേറെ എവിടേലും കാണുമോ ? മക്കളെ അടിമകളെപ്പോലെ ആണ് അങ്ങേരു കാണുന്നത് എന്ന് തോനുന്നു , അടിമകൾക്ക് ചിലപ്പോൾ ഇതിലും സുഖായിരിക്കും .  കാലന് പോലും ഇങ്ങേരെ വേണ്ടെന്നാ എനിക്ക് തോന്നുന്നത് ...... എന്നേലും വഴിതെറ്റി എങ്കിലും കാലൻ ഈ വഴി ഒന്ന് വന്നാൽ മതിയാരുന്നു ....................






സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തവന്റെയും , സ്നേഹം കിട്ടാത്തവന്റെയും ഒക്കെ ഉള്ളിൽ പിന്നെ പരസ്പരം എന്താവും ഉണ്ടാവുക ??

വെറുപ്പ് ? ദേഷ്യം ?? പക ??? സങ്കടം ?? അതോ ഇതിനേക്കാൾ വലിയ മറ്റേതെങ്കിലും വികാരങ്ങളോ ??





ഈ കുടുംബത്തോടൊപ്പം നിങ്ങൾ കുറച്ചു സമയം ചിലവഴിക്കു, അപ്പോൾ നിങ്ങൾക്കും മനസിലാവും ഒരു കുടുംബം എങ്ങനെ ആവരുത് എന്ന് ...



ഒരു മലയോര ഗ്രാമത്തിന്റെ ഗൂഡഭംഗി ഒപ്പിയെടുത്തു  ദിലീഷ് പോത്തൻ ഒരുക്കിയ ഈ മനോഹര ക്രൈം ഡ്രാമ എല്ലാവരെയും തൃപ്തിപ്പെടുത്തുകയില്ലെങ്കിലും ഇഷ്ടമാവുന്നവർക്ക് പെരുത്തതിഷ്ടമായേക്കും...... 




ഇടയ്ക്ക് എപ്പോഴൊക്കെയോ കെ ജി ജോർജ് ഒരുക്കിയ ഇരകൾ എന്ന സൈക്കോ ക്രൈം മൂവിയുടെ ഓർമ്മകൾ ഈ സിനിമ സമ്മാനിച്ചു




മലയാളികൾ എന്നും നെഞ്ചിലേറ്റിയ സ്ഫടികം എന്ന ചിത്രത്തിൽ തൊരപ്പൻ ബാസ്റ്റിൻ ആയി അഭിനയിച്ച സണ്ണി പി എൻ കുട്ടപ്പൻ ആയി തകർത്ത് അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്ന ഈ ചിത്രത്തിൽ ബാബുരാജും തന്റെ സിനിമാ ജീവിതത്തിലെ എക്കാലവും ഓർമ്മിക്കാൻ പാകത്തിനുള്ള ജോമോൻ എന്ന കഥാപാത്രം ചെയ്തിരിക്കുന്നു, മികച്ച അഭിനയം കാഴ്ച വെച്ചിട്ടും ഫഗദ് ശ്രദ്ധിക്കപ്പെടാതെ പോയത് അദ്ദേഹത്തിന്റെ തന്നെ പഴയ ചില കഥാപാത്രങ്ങൾക്ക് വേണ്ടി നടത്തിയ അഭിനയവുമായി സാമ്യം തോന്നിയത് കൊണ്ടാണെന്ന് തോന്നുന്നു, പക്ഷെ എന്നിരുന്നാലും ഫഗദ് ഗംഭീര അഭിനയം തന്നെയാണ് ഇതിലും കാഴ്ച വെച്ചിരിക്കുന്നത്, ഷമ്മീ തിലകനും പള്ളിലച്ചനായി ഗംഭീര പ്രകടനം കാഴ്ച വെച്ച ബേസിലും ചിത്രത്തിന്റെ മാറ്റ് വർധിപ്പിച്ചിരിക്കുന്നു......




ചിത്രം ആമസോൺ പ്രൈമിൽ ഇപ്പോൾ കാണാവുന്നതാണ്....



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.