സഞ്ചാരം  ( The Journey ) - 2004  മലയാളം പ്രണയത്തിന്റെ മായാലോകം  സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇതിന്റെ കഥയ്ക്ക്  പിന്നിൽ ഭരതനോ  പത്മരാജനോ അതോ ...

Home » » Sancharram ( സഞ്ചാരം ( The Journey ))

Sancharram ( സഞ്ചാരം ( The Journey ))

 സഞ്ചാരം  ( The Journey ) - 2004 

മലയാളം

പ്രണയത്തിന്റെ മായാലോകം 



സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇതിന്റെ കഥയ്ക്ക്  പിന്നിൽ ഭരതനോ  പത്മരാജനോ അതോ മാധവിക്കുട്ടിയോ എന്നുള്ള സംശയം മാത്രമേ മനസ്സിൽ  ഉണ്ടായിരുന്നുള്ളു .........

കുട്ടിക്കാലത്ത് നാട്ടിലെ ലൈബ്രറിയിൽ നിന്നെടുത്ത  പേരറിയാത്ത പുസ്തകങ്ങളിൽ ഏതോ ഒന്ന്   വായിച്ച അതേ അനുഭവമായിരുന്നു മനസ്സിൽ അനുഭവപ്പെട്ടത് , ഇടയ്ക്കെപ്പോഴോ കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികളും , മണിച്ചിത്രത്താഴിലെ ഗംഗ യുടെ കുട്ടിക്കാല ചിത്രങ്ങളുമെല്ലാം എന്റെ മനസിലേക്ക് കടന്നു വന്നു .................


അതെ,  മനസ്സിനെ മോഹിപ്പിച്ചുകൊണ്ട്  , ഹൃദയത്തെ സന്തോഷിപ്പിച്ചുകൊണ്ട്  പ്രകൃതിയെ നനച്ചുകൊണ്ടു  ഒരു രാത്രി മഴ പെയ്തു തോർന്ന അനുഭൂതി ഈ ചിത്രം സമ്മാനിക്കും .....


പ്രണയം എന്ന ദിവ്യാനുഭൂതിക്ക് ജാതിയില്ല ,മതമില്ല ,ലിംഗഭേദ വിത്യാസങ്ങളില്ല . അത് ആരാലും ഒരിക്കലും പൂർണമായും നിർവചിക്കാൻ സാധ്യമല്ലാത്ത  ഒരു മരീചികയാണ് എന്നുള്ള സത്യം ഈ ചിത്രം നമുക്ക് മുൻപിൽ പറഞ്ഞു വെയ്ക്കുന്നു 


മലയാളസിനിമകളിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത ഒരു പ്രമേയത്തിന്റെ അതിമനോഹരമായ അവതരണം , ആ അവതരണത്തിന്റെ ഭംഗി , എടുത്തിരിക്കുന്ന ലൊക്കേഷന്റെ ദൃശ്യചാരുത അതൊന്നും  ഒരുപക്ഷെ എനിക്ക് വാക്കുകൾ കൊണ്ട് നിങ്ങളിലേക്ക് എത്തിക്കാൻ കഴിയില്ല , അത് നിങ്ങൾ ഉറപ്പായും അനുഭവിച്ചറിയണം ...


ഈ ചിത്രം ഇന്നായിരുന്നു ഇറങ്ങിയത് എങ്കിൽ ഉറപ്പായും മലയാള സോഷ്യൽ മീഡിയാ രംഗത്ത്  ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടേനെ എന്ന് നിസ്സംശയം പറയാം . ഒരു OTT റിലീസ് അതിനുള്ള എല്ലാവിധ സ്കോപ്പും ഈ ചിത്രത്തിന് ഇപ്പോളും ബാക്കി നിൽക്കുന്നു .. The Great Indian Kitchen എന്നുള്ള ചിത്രത്തിന് സിനിമാ റിവ്യൂ സൈറ്റുകളിൽ ലഭിച്ചതിലും അധികം സ്വീകാര്യത ഉറപ്പായും ഈ ചിത്രത്തിന് ലഭിച്ചിരിക്കും ..


ഇതൊരു പ്രണയ ചിത്രമാണ് , ഡൽഹിയിലെ പട്ടണത്തിൽ നിന്നും കേരളത്തിലെ ഒരു ഉൾനാട്ടിലേക്ക് ജീവിതം എടുത്ത് നടപ്പെട്ട കിരണിന്റെയും അടുത്ത വീട്ടിലെ കളിക്കൂട്ടുകാരി ലൈല എന്ന് വിളിക്കുന്ന ദലൈലാ യുടെയും  ജീവിതമാണ് ഈ ചിത്രം , കുട്ടിക്കാലം മുതൽ തുടങ്ങിയതായിരുന്നു അവരുടെ  സൗഹൃദം . എന്നാൽ പ്ലസ് ടു കാലഘട്ടത്തിൽ എത്തിയപ്പോൾ  അവരുടെ  ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്ന പ്രണയത്തിന്റെ മൊട്ടുകൾ പൂവിട്ടു വിരിഞ്ഞു സുഗന്ധം പരത്തുവാൻ തുടങ്ങുന്നു....


പക്ഷെ ആ സുഗന്ധത്തിന്റെ അനുഭൂതിക്ക് അധികം ആയുസ്സുണ്ടായിരുന്നുവോ ???  കാരണം കിരണും ദലൈലാ യും വീട്ടുകാർക്ക്  മുൻപിൽ മാത്രമായിരുന്നില്ല  സമൂഹത്തിനു മുൻപിൽ പോലും തെറ്റുകാരായിരുന്നു , കാരണം അവർ ഇരുവരും പെൺകുട്ടികൾ ആയിരുന്നു !!!!!!


മരിച്ചുപോയ കവയിത്രി നന്ദിത കുറിച്ചതുപോലെ  "ഇന്നലെ രാത്രിയിലും ഏതോ പൂ വിരിഞ്ഞിരിക്കാം അതിന്റെ സുഗന്ധത്തിൽ ആരൊക്കെയോ മരിച്ചു വീണിരിക്കും "


അതാണോ ഇവിടെയും സംഭവിച്ചിരിക്കുക , അതോ മാറ്റത്തിന്റെ സമയമായി എന്ന് സമൂഹത്തെ ഓർമിപ്പിച്ചുകൊണ്ട് ഞങ്ങൾ ഒന്നാണ് എന്ന് പറഞ്ഞു അവർ നമ്മുടെ മുൻപിലൂടെ കൈകൾ കോർത്ത് നടന്നു പോവുമോ ????


കണ്ടറിയുക , മലയാളസിനിമയെ സ്നേഹിക്കുന്നവർക്ക് കാണാൻ,  ആസ്വദിക്കാൻ വേണ്ട കാഴ്ചകൾ എല്ലാം ഈ സിനിമയിൽ ഉണ്ട് ....


സിനിമയുടെ അവസാനം എന്നെ ഞെട്ടിച്ചു , ഞാൻ കരുതിയതുപോലെ അത് ഭരതനോ  പത്മരാജനോ  മാധവിക്കുട്ടിയോ ഒന്നും ആയിരുന്നില്ല , കഥയും , സംവിധാനവും നിർമാണവും എല്ലാം ഒരാൾ ആയിരുന്നു , ഞാൻ ആ പേര് ആദ്യമായി കാണുകയും ആയിരുന്നു Ligy J. Pullappally . ആരാണെന്നു ഇന്നുവരെ അറിയില്ല, ഇതിനു മുൻപ് ഞാൻ കേട്ടിട്ടും ഇല്ല  എന്നാലും നന്ദി . കാലം തെറ്റി പെയ്ത മഴപോലെ മലയാള സിനിമയ്ക്ക് കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു മനോഹര സിനിമ സമ്മാനിച്ചതിന് .....................


ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും കഴിവ് തെളിയിച്ച Shruthy Menon മികച്ച ഒരു വേഷം ഇതിൽ അഭിനയിച്ചിരിക്കുന്നു 


കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a Comment

Search This Blog

Powered by Blogger.