The Great Indian Kitchen  മലയാളം 2021  പുതിയതായി ഒരു വീട്ടിലേക്ക് കല്യാണം കഴിഞ്ഞു എത്തുന്ന സ്ത്രീകളെ സംബന്ധിച്ച് അവർ എന്തൊക്കെ ത്യജിച്ചിട്ട...

Home » » The Great Indian Kitchen

The Great Indian Kitchen

 The Great Indian Kitchen 

മലയാളം 2021 



പുതിയതായി ഒരു വീട്ടിലേക്ക് കല്യാണം കഴിഞ്ഞു എത്തുന്ന സ്ത്രീകളെ സംബന്ധിച്ച് അവർ എന്തൊക്കെ ത്യജിച്ചിട്ടാണ് വരുന്നത് എന്ന് പലരും ചിന്തിച്ചിട്ടില്ല , അച്ഛനമ്മമാരെയും ഇത്രയും നാൾ ജനിച്ചു വളർന്ന വീടും പരിസരവും അടുത്തുള്ള കൂട്ടുകാരെയും അങ്ങനെ എല്ലാമെല്ലാം ത്യജിച്ചിട്ടാണ് പലരും അന്നുവരെ കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്ത ഒരു പുതിയ സാഹചര്യത്തിലേക്ക് എത്തിച്ചേരുന്നത് .



ഭർത്താവ് , അവന്റെ ബന്ധുക്കൾ അവന്റെ വീട് അവന്റെ പരിസരം അതെല്ലാം വന്നു കേറുന്ന പെൺകുട്ടിയെ സംബന്ധിച്ച് പുതിയൊരു അനുഭവം തന്നെയായിരിക്കും , അതുമായി എന്ന് പൊരുത്തപ്പെടുന്നുവോ അന്നേ അവർക്ക് സന്തോഷകരമായ ഒരു ജീവിതം തുടങ്ങാൻ പറ്റുകയുള്ളു . ചിലർ പൊരുത്തപ്പെടും , ചിലർ ഒരിക്കലും പൊരുത്തപ്പെടില്ല , ചിലർ അഡ്ജസ്റ്റ് ചെയ്തു പോവാൻ ശ്രെമിക്കും ....



അങ്ങനെ കല്യാണം കഴിഞ്ഞു പുതിയൊരു സാഹചര്യത്തിലേക്ക് വന്നുചേർന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്ന സിനിമയാണ് ഇത് , അവളുടെ വീടിന്റെ സാഹചര്യങ്ങളുമായി നോക്കുമ്പോൾ വളരെ പഴയ രീതിയിൽ ആചാരങ്ങളും മറ്റും പിന്തുടർന്ന് ജീവിക്കുന്ന ഒരു വീട്ടിലേക്കായിരുന്നു  ചെന്ന് പെട്ടത് .  അവൾക്ക് അവിടെ നേരിടേണ്ടി വന്ന കഷ്ടപ്പാടുകൾ അവളുടെ കാഴ്ചപ്പാടിലൂടെ  പറയുന്ന ഒരു സിനിമയാണിത് ...



മലയാളത്തിൽ പല സിനിമകളിലും പറയാൻ മടിക്കുന്ന കാര്യങ്ങൾ ( കുടുംബമായി പ്രേക്ഷകർ സിനിമകാണുവാൻ വന്നില്ലെങ്കിലോ എന്ന ഭയം മൂലം ആവണം ) കൃത്യമായി ഈ സിനിമയിൽ പറയുന്നുണ്ട് , കിടപ്പറയിൽ ഒരു സ്ത്രീ എന്താണ് ആഗ്രഹിക്കുന്നത് എന്ന് പുരുഷനോട് പറഞ്ഞാൽ അത് അവനെ അപമാനിച്ചതാണ് എന്ന് വിചാരിക്കുന്ന , തന്റെ തെറ്റുകൾ ചൂണ്ടി കാണിച്ചാൽ അത് സത്യമാണോ എന്ന് ചിന്തിക്കാതെ അത് പറഞ്ഞ ആളെ തരം  കിട്ടുമ്പോൾ ഒക്കെ ആ പേരിൽ കുറ്റപ്പെടുത്താൻ ശ്രെമിക്കുന്ന ചില പുരുഷന്മാരെ ഒക്കെ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട് ...




ശബരിമല വിവാദം കഴിഞ്ഞ കാലങ്ങളിൽ ചർച്ച ആയതുകൊണ്ട് സിനിമയിൽ അതുമായി ബന്ധപ്പെട്ട പുരോഗമനചിന്തകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട് , ഇതൊരു മതത്തിലെ മാത്രം പ്രശ്നമായി കാണാതെ പർദ്ദയ്ക്കുള്ളിൽ സ്വാതന്ത്രം നഷ്ടപ്പെട്ടു , ഒരു ഫോട്ടോയിൽ പോലും മുഖം വരാൻ അനുവാദം നിഷേധിക്കപ്പെട്ട  , ഭർത്താവ് മൂന്നോ നാലോ കല്യാണം കഴിക്കുന്നത് നോക്കിനിൽക്കേണ്ടി വരുന്ന സ്ത്രീകളും ഇന്നാട്ടിൽ ഉണ്ട് അവരും ഈ അടിച്ചമർത്തലുകൾ ആണ് നേരിടേണ്ടി വരുന്നത് എന്ന് ചിന്തിച്ചാൽ , മഠത്തിൽ കർത്താവിന്റെ മണവാട്ടികൾ ആകുന്നവർക്ക് ഒരു കല്യാണത്തിന് പോലും പോവാൻ അനുവാദം ഇല്ലാത്ത , അവർ ജോലി ചെയ്യുന്ന കാശ് അവരുടെ സുപ്പീരിയരുടെ കയ്യിൽ കൊണ്ട് കൊടുത്തു അവരോടു ദാനം വാങ്ങി സാധനങ്ങൾ മേടിക്കേണ്ട അവസ്ഥ ഉള്ള സ്ത്രീകളുടെയും  കൂടെ പ്രശ്നമായി ഈ സിനിമയെ സമീപിച്ചാൽ നല്ലൊരു ആസ്വാദനം ഈ സിനിമ ഉറപ്പു നൽകുന്നു ...



പുരുഷന്മാരെ സംബന്ധിച്ച് അടുക്കള തന്നെ ഏറെ സമയം കാണിക്കുന്നത് ലാഗ് അനുഭപ്പെടും , ഒരു മണിക്കൂറിനുള്ളിൽ തീർക്കാവുന്ന പ്രമേയം വലിച്ചു  നീട്ടിയതായി അനുഭവപ്പെടും . സ്ത്രീകളെ സംബന്ധിച്ച് പടം പെട്ടെന്ന് തീർന്നതായി തോന്നിയേക്കാം ...



കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക




0 Comments:

Post a comment

Search This Blog

Powered by Blogger.