മഹായാനം
മലയാളം - 1989
ഉള്ളിൽ നിറയെ സ്നേഹം ഉണ്ടെങ്കിലും അത് പുറമെ പ്രകടിപ്പിക്കാൻ അറിയ്യാത്ത , പുറമെ നിന്ന് നോക്കിയാൽ ക്രൂരനും തെമ്മാടിയും എന്ന തോന്നൽ ഏവരിലും ഉളവാക്കുന്ന കർക്കശ്യകാരനായ ചന്ദ്രൻ എന്ന ചന്ദ്രുവിന്റെ കഥയാണിത്..
ലോറി ഡ്രൈവർ ആയ ചന്ദ്രന് ബന്ധുക്കൾ എന്ന് പറയാൻ ആകെ സ്വന്തമായി ഉണ്ടായിരുന്നത് അവൻ വളയം പിടിച്ചിരുന്ന ആ ലോറി മാത്രമായിരുന്നു . അവനു ആകെ ഉണ്ടായിരുന്ന കൂട്ട് അവന്റെ ക്ലീനർ രവി ആയിരുന്നു , തമാശയൊന്നും പറയാത്ത നിസ്സാരകാര്യങ്ങൾക്കു വരെ ദേഷ്യപ്പെടുന്ന ചന്ദ്രുവിനു നല്ലൊരു മനസ്സ് ഉണ്ടെന്നും അത് പുറമെ കാണിക്കാൻ അറിയാത്തതു ആണെന്നും അറിയാവുന്ന രവി ചന്ദ്രുവിന്റെ വഴക്കെല്ലാം സഹിച്ചു അവന്റെ കൂടെ ആ ലോറിയിൽ സഹായിയായി കഴിഞ്ഞു കൂടി .
ഗർഭിണിയായ ഭാര്യയ്ക്കും ഉണ്ടാവാൻ പോവുന്ന കുഞ്ഞിനും സ്വന്തമായി ഒരു കൊച്ചു വീട് , അതുണ്ടാക്കുകയായിരുന്നു രവിയുടെ ഏക ലക്ഷ്യം . അതിനായി ചായ പോലും കുടിക്കാതെ കിട്ടുന്ന കാശെല്ലാം അവൻ സ്വരൂപിച്ചു വെച്ചു ....
നാട്ടിലെ ഉത്സവത്തോടു അനുബന്ധിച്ചു , ലോറിയിലെ ജോലിയിൽ നിന്നും കുറച്ചു നാൾ ലീവ് എടുത്ത് നാട്ടിൽ പോയി വീടുപണി കുറച്ചു എങ്കിലും പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ രവിക്ക് യാത്രാമധ്യേ ഒരപകടം സംഭവിക്കുന്നു
തുടർന്ന് ചന്ദ്രൻ തന്റെ ജീവിതം രവിയുടെ നാട്ടിലേക്ക് പറിച്ചു നടുന്നു , സ്വന്തം ഇല്ലായ്മകൾ എല്ലാം മറന്നു ചന്ദ്രു ആ നാട്ടിൽ ലോറി പണി എടുത്ത് രവിയുടെ ആഗ്രഹ സഫലീകരണത്തിനായി പെടാപ്പാടുപെടുന്നു
പരോപകാരിയായ ചന്ദ്രന്റെ പല പ്രവർത്തികളും ആ നാട്ടിലെ പ്രമാണിയായ കൊച്ചുവർക്കിയുടെയും മകൻ സണ്ണിക്കുട്ടിയുടെയും ശത്രുത ക്ഷണിച്ചു വരുത്തുന്നു , കൂടാതെ ആ നാട്ടിൽ ചായക്കട നടത്തുന്ന മറ്റൊരു പുരുഷനാൽ ചതി സംഭവിച്ച തന്റേടിയായ രാജമ്മ യുടെയും ശത്രുതക്ക് ചന്ദ്രൻ ഇരയാവുന്നു ...
മറ്റൊരു നാട്ടിൽ അവിടുള്ള പ്രമാണിയോട് ഏറ്റുമുട്ടി എത്രനാൾ ചന്ദ്രന് പിടിച്ചു നിൽക്കാൻ സാധിക്കും ???
കണ്ടറിയുക
പണ്ടത്തെ സിനിമകളിൽ കണ്ടിരുന്ന പൗരഷത്വത്തിന്റെ മൂർത്തീഭാവം എന്ന് പറയാം മമ്മൂട്ടിയുടെ ചന്ദ്രന്റെ കഥാപാത്രത്തെ , അതുപോലെ തന്നെ രാജമ്മ എന്ന തന്റേടിയായ യുവതിയായി സീമ മനോഹരമായി അഭിനയിച്ചിരിക്കുന്നു , തന്റെ ജോലിക്കാരനോട് സ്നേഹത്തോടെയും കരുണയോടെടെയും ചന്ദ്രനെ പെരുമാറാനും അവനു വേണ്ടി സ്വന്തം ജീവിതം മറന്നു വരെ ജീവിക്കാനും അവനെ പഠിപ്പിച്ചത് അവന്റെ മുൻ മുതലാളിയായ ബാലൻ കെ നായരുടെ കഥാപാത്രമായിരുന്നിരിക്കണം
എ കെ ലോഹിതദാസിന്റെ തിരക്കഥയിൽ ജോഷി സംവിധാനം നിർവഹിച്ച മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ഈ സിനിമയിൽ ആണെന്ന് നിസ്സംശയം പറയാം


0 Comments:
Post a Comment