Monday, 8 February 2016

അദ്ഭുത മോതിരം

Monday, 8 February 2016 - by Peruva Peruva 0

അന്ന് ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന സമയം..വീട്ടില്‍ എന്തോ പലഹാരം പൊതിഞ്ഞു കൊണ്ട് വന്ന പത്രകടലാസില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി, അതാ കിടക്കുന്നു ഒരു അത്യുഗ്രന്‍ പരസ്യം , നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും മാറാന്‍, വേഗം പണക്കാരനാവാന്‍, ഉദ്ദിഷ്ടകാര്യം വേഗം നടക്കാന്‍ അങ്ങനെ കുറെ ഏറെ കാര്യങ്ങള്‍ നടക്കാന്‍ ഒരു അദ്ഭുത മോതിരം…ഇത് ചുമ്മാ കയ്യില്‍ ഇട്ടാല്‍ മതിയത്രേ എല്ലാം സെറ്റ് അപ് ആവുമത്രേ… ഇത് തികച്ചും സൗജന്യമാണ് എന്നും പത്രത്തില്‍ ഉണ്ടായിരുന്നു, വേണ്ടവര്‍ വിലാസം അവര്‍ക്ക്അയച്ചു കൊടുത്താല്‍ മാത്രം മതി…… എനിക്ക് ഒരു ബുദ്ധി തോന്നി, വീട്ടുകാര്‍ അറിയാതെ വിലാസം അവര്‍ക്ക് അയച്ചു കൊടുക്കാം, എന്നിട്ട് വീട്ടില്‍ എന്തേലുമൊക്കെ നല്ലകാര്യങ്ങള്‍ നടക്കുമ്പോള്‍ ഈ മോതിരം പൊക്കി കാണിച്ചിട്ട് പറയാം എല്ലാം എന്‍റെ കഴിവും ബുദ്ധിയുംകൊണ്ടാ നടക്കുന്നതെന്ന് ….അങ്ങനെ ഞാന്‍ എന്‍റെ വിലാസം പത്രത്തില്‍ പരസ്യം നടത്തിയവര്‍ക്ക് അയച്ചു കൊടുത്തു….. ഏകദേശം ഒരു മാസം കഴിഞ്ഞു ഞാന്‍ ഈ സംഭവം എല്ലാം മറന്നു, അങ്ങനെയിരിക്കെ ഒരു ദിവസം അടുത്ത വീട്ടിലെ ചേട്ടന്‍ വന്നു പറഞ്ഞു എന്‍റെ പേരില്‍ പോസ്റ്റ്‌ ഓഫീസില്‍ എന്തോ ഒരു പാഴ്സല്‍ വന്നിട്ടുണ്ട് ഞാന്‍ പോയി ഒപ്പിട്ടു കൊടുക്കണം എന്ന്…. ഞാന്‍ ഓര്‍ത്തു ബാലരമയിലെയോ പൂമ്പാറ്റയിലേയോ എന്തോ സമ്മാനപദ്ധതിയില്‍ ഞാന്‍ അയച്ചതിനുള്ള സമ്മാനം വന്നതായിരിക്കും എന്ന് , അന്ന് രാത്രി എനിക്ക് നന്നായി ഉറങ്ങാന്‍ പറ്റിയില്ല എന്താവും സമ്മാനം വല്ല ടി വി യോ മറ്റോ ആയിരിക്കുമോ??? വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും എന്നെ അനുമോദിക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടു….അങ്ങനെ എനിക്ക് വേണ്ടി സുര്യന്‍ പിറ്റേ ദിവസവും ഉദിച്ചു, അച്ഛന്‍ പറഞ്ഞു നീ സ്കൂളില്‍ പോയ്ക്കോ ഞാന്‍ പോയി മേടിക്കാം, , പോസ്റ്റ്‌മാനെ അച്ഛന് പരിചയം ഉണ്ട് അതുകൊണ്ട് നീ ഒപ്പിട്ടില്ലേലും കുഴപ്പം ഇല്ലാ എന്ന്…..എനിക്കാണേല്‍ സങ്കടം വന്നു ഈ പേരും പറഞ്ഞു ഒരു ദിവസം എങ്കിലും സ്കൂളില്‍ പോവാതെ ഇരിക്കാനുള്ള ഒരു സുവര്‍ണാവസരമല്ലേ കൈവിട്ടു പോയത്‌, ഞാന്‍ സങ്കടം അടക്കി സ്കൂളിലേക്ക് പോയി, പക്ഷെ സ്കൂളില്‍ പോയി ഞാന്‍ വെറുതെ ഇരുന്നില്ലാ പോസ്റ്റ്‌ ഓഫീസില്‍ എനിക്കെന്തോ വലിയൊരു സമ്മാനം വന്നിട്ടുണ്ട് എന്ന് ഞാന്‍ എല്ലാവരുടെ ചെവിയിലും ചെന്ന് പറഞ്ഞു… വൈകുന്നേരം സ്കൂള്‍ വിട്ടു ഞാന്‍ വീട്ടിലേക്കു ഓടുകയായിരുന്നു, ചെന്ന് വീടിന്‍റെ അകത്തു കയറി നോക്കി, ഇല്ലാ മേശപ്പുറത്തു ടി വി ഇരിപ്പില്ലാ, ഹോ അപ്പോള്‍ വേറെ എന്തോ സമ്മാനം ആയിരിക്കും….അപ്പോഴാണ്‌ ചേച്ചിയെ ഞാന്‍ കണ്ടത് ഞാന്‍ ഇച്ചിരി    ഗമയ്ക്കു ചോദിച്ചു എന്‍റെ സമ്മാനവും മേടിച്ചു   കൊണ്ട് അച്ഛന്‍  വന്നില്ലേ????? ചേച്ചി പറഞ്ഞു വേഗം വല്ല കട്ടിലിന്‍റെ അടിയിലും രണ്ടു ദിവസത്തേക്ക് ഒളിച്ചിരുന്നോ ഇല്ലേല്‍ ചിലപ്പോള്‍   അച്ഛന്‍ നിന്നെ കൊണ്ട് വല്ല തോട്ടിലും ഒഴുക്കും എന്ന്….പിന്നീടാണ് സംഭവം എനിക്ക് മനസ്സിലായത്‌ പോസ്റ്റ്‌ ഓഫീസില്‍  ചെന്ന അച്ഛനോട് അവര്‍ രണ്ടായിരം രൂപ വി പി പി ചാര്‍ജോ മറ്റോ അടക്കാന്‍ പറഞ്ഞത്രേ, അച്ഛന്‍ അവരോടു ചോദിച്ചു ടി വി ആണോ എന്ന് , പോസ്റ്റുമാന്‍ പറഞ്ഞു ടി വി യും കുന്തവും ഒന്നും അല്ലാ ഒരു അദ്ഭുത മോതിരം ആണ് വന്നേക്കുന്നത് , ഈ മോതിരം ഇട്ടാല്‍ ഒത്തിരി സൌഭാഗ്യങ്ങള്‍ കിട്ടും കൂടാതെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കാനും ഇത് സഹായിക്കുമത്രേ??? എന്നിട്ട് അച്ഛനോടൊരു ചോദ്യവും കൂടെ” തന്‍റെ മോന്‍ ആറാം ക്ലാസ്സിലല്ലേ ആയുള്ളൂ എന്നും!!!!….”” അച്ഛന്‍ ആകെ ചമ്മി പോയി… പിന്നെയാ പോസ്റ്റ്‌മാന്‍റെ കാലില്‍ പിടിച്ചു ഇങ്ങനൊരു അഡ്രസ്‌ ഇവിടില്ലാ എന്നും പറഞ്ഞു മോതിരം ഒരു കണക്കില്‍ അവര്‍ക്ക് തന്നെ തിരിച്ചയച്ചു കൊടുത്തു…….വീട്ടില്‍ വന്നിട്ട് എന്നോടൊരു ചോദ്യം ഇനി വല്ല പെണ്‍കുട്ടികളോടും ഇറങ്ങി വരാന്‍ നീ പറഞ്ഞിട്ടുണ്ടോടാ എന്ന്????? പിറ്റേ ദിവസം സ്കൂളില്‍ ചെന്നപ്പോള്‍സമ്മാന വിവരം അറിയാന്‍ വന്നവന്മാരുടെ അടുക്കല്‍ നിന്നും ഞാന്‍  എങ്ങനെ തടിയൂരി എന്ന് എനിക്കും ദൈവത്തിനും പോലും പിടിയില്ലാ…..പിന്നീട് പോസ്റ്റ്‌ ഓഫീസില്‍ നിന്നും എനിക്കെന്തെങ്കിലും വന്നു എന്ന് കേട്ടാല്‍ അപ്പോള്‍ തന്നെ പോയി വല്ല കട്ടിലിന്‍റെ അടിയിലും  കയറാന്‍ എനിക്ക് തോന്നുമായിരുന്നു………

Tags:
About the Author

Write admin description here..

0 comments:

Text Widget

. Powered by Team Ajce - Back to top